ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് ഫോട്ടോ എഡിറ്റ് സാധ്യമാണോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് ഫോട്ടോ എഡിറ്റ് സാധ്യമാണോ?
ഫോട്ടോ എഡിറ്റിംഗ് ജോലികൾ ഏറെ സമയമെടുക്കുന്നതും സങ്കീർണ്ണവുമാണെന്ന് പറയേണ്ടതില്ലല്ലോ, ഫോട്ടോഷോപ്പ് 1 മുതലിങ്ങോട്ട് 2021 വരെ ഇവ ലഘൂകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുമുണ്ട്. എന്നാൽ ഇപ്പോഴും പരിമിധികളൊരുപാട് ഉണ്ട്, ഉദാഹരണത്തിന് ഫോട്ടോഷോപ്പ് ആക്ഷനെടുത്താൽ (Photoshop actions) എല്ലാതരം ഫോട്ടോകളിലും ഒരുപോലെയായിരിക്കും അത് പ്രകടമാക്കുക. ഓരോ ചിത്രത്തിന്റെയും സ്വഭാവം വ്യത്യസ്ഥമായി അനലൈസ് ചെയ്തല്ല ഇത് അപ്ലേ ചെയ്യുന്നത്.

ഈ സമയത്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligents – Ai)  (പൂർണ്ണമായും Ai അല്ല, മെഷിൻലേണിഗും ന്യൂറൽ നെറ്റ് വർക്കും ഇവിടെ Ai ഗണത്തിൽ പറഞ്ഞുപോകുന്നുണ്ട്. ഇവ മറ്റൊരിക്കൽ വിഷദമായി പറയാം)  അഥവ കൃത്രിമബുദ്ധി ഉപയോഗിച്ചു തുടങ്ങിയത്. ഫോട്ടോഷോപ്പും ഇപ്പോൾ ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ന് നമ്മൾ പറയാൻ പോകുന്നത് ലുമിനാർ എ.ഐ. എന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയറിനെ കുറിച്ചാണ്.

Luminar-AI
ലുമിനാർ എ.ഐ. (Luminar Ai)

ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു വിപ്ലവകരമായ പുതിയ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് ലുമിനാർ എ.ഐ. (Luminar 4 ൽ നിന്നും അല്പം വ്യത്യസ്തമാണ് ഇത്) ഇതൊരു സ്റ്റാന്റ് എലോൺ (Stand Alone) സോഫ്റ്റ് വെയറായും ലൈറ്റ്റൂം ഫോട്ടോഷോപ്പ് പ്ലഗിനായും (Plug-In) ഉപയോഗിക്കാം. വളരെ ലളിതവും സുന്ദരവുമായ രൂപകല്പന ആയതിനാൽ (User Interface) തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കാവുന്നതാണ് ലുമിനാർ എ.ഐ.

ഫോട്ടോ എഡിറ്റിംഗ് രംഗത്ത് പരമ്പരാഗതമായ സമീപനമല്ല ലൂമിനാർ പുലർത്തുന്നത് എന്നതിനാൽ ഒരു നവ്യാനുഭവം തന്നെയാണ് പൂർണ്ണമായും എ.ഐ. ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എഡിറ്റിംഗ് സോഫ്റ്റ് വെയർ എന്നവകാശപ്പെടുന്ന ലുമിനാർ എ.ഐ. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമ്പോൾ ഉള്ള പ്രധാന പോരായ്മ പൂർണ്ണ നിയന്ത്രണം കമ്പ്യൂട്ടർ ഏറ്റെടുക്കുന്നു എന്നാണ്. എന്നാൽ, ഉപയോക്താക്കൾക്ക് പൂർണ്ണ നിയന്ത്രണം ലുമിനാർ എ.ഐ. ഉറപ്പ് നൽക്കുന്നു. അത്കൊണ്ട് തന്നെ ഫോട്ടോ പ്രോസസിംഗിൽ കൃത്രിമത്വം (Artificiality) പ്രകടമാകുന്നത് നിയന്ത്രിക്കാനും സാധിക്കുന്നു. അതായത് ഉത്തമാ… പ്രൊസസിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം റിസൾട്ടിൽ ശ്രദ്ധിക്കാൻ സാധിക്കുന്നു. 🙂

ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഫ്രീക്വൻസി സെപറേഷൻ (Frequecy Seperation) ലൂമിനോസിറ്റി മാസ്കിംഗ് (Luminocity Masking), ടോണാലിറ്റി മാസ്ക് (Tonality Masking) എന്നൊക്കെ കേട്ട് പേടിച്ച് എഡിംഗ് ഒന്നും നമ്മുടെ ഇമേജിന് ആവശ്യമില്ലെന്ന് പറഞ്ഞു നടക്കുന്നവർക്കും, ഞാൻ സിമ്പിളായി ലൈറ്റ്റൂം പ്രീസെറ്റിട്ട് വാല്യൂസ് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തിരിച്ച് അങ്ങ് ഒപ്പിക്കും… എന്ന് പറയുന്നവർക്കും സധൈര്യം ഒന്ന് പരീക്ഷിക്കാം ലൂമിനാർ എ.ഐ.

വെറും 30 മിനിറ്റ് ചിലവാക്കാനുണ്ടോ നിങ്ങൾക്കും സുന്ദരമായി പഠിച്ചെടുക്കാവുന്ന ഒന്നാണ് ലുമിനാർ എ.ഐ.

ക്രിയേറ്റിവിറ്റിയെ (സർഗ്ത്മകത) ത്യജിക്കാതെ ഫോട്ടോ എഡിറ്റിംഗിന്റെ മടുപ്പിക്കുന്നതും സങ്കീർണ്ണവുമായ ഭാഗങ്ങൾ ലളിതവും നിയന്ത്രിതവുമാകയാൽ ഇവിടെ എഡിറ്റിംഗ് രസകരവും എളുപ്പമുള്ളതുമായി തീരുന്നു.

 

ലുമിനാർ എ.ഐ. സവിശേഷതകളും ന്യൂനതകളും

സവിശേഷതകൾ

ലളിതമായ വർക്സ്പെയ്സ് ആയതിനാൽ തന്നെ കുടുതൽ കാര്യക്ഷമമായ വർക്ക്ഫ്ലോ സാധ്യമാകും. ലുമിനാർ 4നെ അപേക്ഷിച്ച് ഇമേജ് മാനേജ്മെന്റ് ഒഴിവാക്കിയതിലൂടെ മെച്ചപ്പെട്ട പ്രകടനം, സ്പീഡ് നൽകാൻ സാധിക്കുന്നു. (ഇമേജ് മാനേജ്മെന്റാണ് ലൈറ്റ്റൂം ക്ലാസിക്കിന്റെ പോരായ്മയും സവിശേഷതയും എന്നോർക്കുക)

പ്രധാനമായും 4 വർക്സ്പെയ്സുകളാണ് ഉള്ളത്. കാറ്റലോഗ് (Cataloge), ടെപ്ലേറ്റ് (Template), എഡിറ്റിംഗ് (Editing) & എക്സോർട് (Export)

1. കാറ്റലോഗ്

luminar-catlog
Luminar AI Catalog
ചിത്രങ്ങളും, ഫോൾഡറുകളും, ആൽബങ്ങളും കാണിക്കുന്നു. ലൂമിനാർ 4, ലൈറ്റ്റൂം, ക്യാപ്ച്വർ വൺ പോലെ ഒരു സമ്പൂർണ്ണ കാറ്റലോഗൊന്നുമല്ല ഇത്. അഡോബ് ബ്രിഡ്ജ് പോലെ കണക്കാക്കാം.

2. ടെംപ്ലേറ്റ്

luminar-template
Luminar AI Template
ലൂമിനാർ എ.ഐയുടെ സവിശേഷമായ ഒരു വർക്സ്പെയ്സ് ആണിത്. നമ്മൾ സെലക്ട് ചെയ്യുന്ന ചിത്രത്തിനെ വിശകലനം ചെയ്ത് മികച്ച എഡിറ്റുകൾ നിർദ്ദേശിക്കുന്ന സൂപ്പർ പ്രീസെറ്റുകൾ പോലെയാണ് ഈ വർക്സ്പെയ്സ് നിലകൊള്ളുന്നത്.

3. എഡിറ്റ്

luminar-edit
Luminar AI Edit
എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ടൂളുകളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗത്തെ നാലായി തരം തിരിച്ചിക്കുന്നു. എസെൻഷ്യൽ, പോട്രേറ്റ്, ക്രീയേറ്റീവ്, പ്രൊഫഷണൽ.

4. എക്സ്പോർട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് ഫോട്ടോ എഡിറ്റ് സാധ്യമാണോ? 1
Luminar AI Export
വ്യത്യസ്ഥ ഫോർമാറ്റുകളിലേക്കും ഡിവൈസുകളിലേക്കും ചിത്രങ്ങളെ അനായാസം സേവ് ചെയ്യാൻ ഈ വർക്സ്പെയ്സ് ഉപയോഗിക്കുന്നു.

പ്രവർത്തനങ്ങൾ വിശദമായി നോക്കാം

കാറ്റലോഗ് (Cataloge)

മുകളിലുള്ള +Button ക്ലിക്ക് ചെയ്ത് ഒരു ചിത്രമായോ ഒന്നിലധികം ചിത്രങ്ങളുള്ള ഫോർഡറുകളായോ Import ചൊയ്യാം. RAW ഫയൽ ആയാലും JPEG ആയാലും വളരെ വേഗം തന്നെ ഇമ്പോർട്ടിംഗ് (Importing) സാധ്യമാകും.

ടെംപ്ലേറ്റ് (Template)

ലൂമിനാർ എ.ഐയുടെ ഹൃദയം എന്നാണ് ടെംപ്ലേറ്റ് വർക്സ്പെയിസിനെ (Workspace) വിശേഷിപ്പിക്കുന്നത്. സാധാണ പ്രീസെറ്റുകൾ “അന്ധമായി” ആണ് ഒരു ചിത്രത്തിലേക്ക് ഉപയോഗിക്കപ്പെടുന്നത് എങ്കിൽ ഇവിടെ കൃത്രിമബുദ്ധി ഉപയോഗിച്ച് ചിത്രത്തെ അവലോകനം ചെയ്ത ശേഷം, അതിനനുസൃതമായ മികച്ച എഡിറ്റുകൾ നിർദ്ദേശിക്കപ്പെടുന്നു. ഇതിൽ വേണമെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും നിങ്ങൾക്ക് സാധിക്കും.(ലൈറ്റ്റൂമിൽ പ്രീസെറ്റ് എന്നും ലൂമിനാർ4 ൽ ലുക്സ് എന്നും പറയുന്നപോലെ ഇവിടെ ടെംപ്ലേറ്റ് എന്ന് പറയുന്നു.)

ഫോട്ടോഷോപ്പിലും ലൈറ്റ്റൂമിലും പ്ലഗ്നിനായി (Plug-In) ഉപയോഗിക്കാം.

ഇത്രയും സമയം നമ്മൾ സംസാരിച്ചത് സ്റ്റാന്റ് അലോൺ (Stand Alone) സോഫ്റ്റ് വെയറിനെ കുറിച്ചായിരുന്നു. എന്നാൽ നിലവിലെ വർക്ഫ്ലോ മാറ്റുക എന്നത് ഒരു പ്രൊഫഷണലിനെ സംബന്ധിച്ച് അല്പം ബുദ്ധിയുള്ള കാര്യമാണ്. ലൂമിനാർ എ.ഐ. പ്ലഗ്-ഇൻ ആയി ഉപയോഗിക്കുന്നതിലൂടെ വർക്ഫ്ലോ തടസ്സപ്പെടുത്താതെ തന്നെ ലൂമിനാർ എ.ഐ. ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ്.

ലൈറ്റ്റൂം 6 മുതലുള്ള വേർഷനുകളിലും ഫോട്ടോഷോപ്പ് സി.എസ് 5ന് മുകളിലുള്ള വേ‍ർഷനുകളിലും ലൂമിനാർ എ.ഐ. ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമാറ്റിക്ക് ആയി പ്ലഗ്-ഇൻ ഇൻസ്റ്റാൾ ആകുന്നാതാണ്.

ഒരു ചെറിയ ടിപ്പ് (പ്രത്യേകിച്ചും എഡിറ്റർമാർക്ക്) ലൂമിനാർ എ.ഐ. സ്റ്റാന്റ് അലോൺ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ലൈറ്റ്റൂം, ഫോട്ടോഷോപ്പ് പ്ലഗ്-ഇൻ ആയി ഉപയോഗിക്കുന്നതാണ്.

കൃത്രിമ ബുദ്ധി സമയം ലാഭിക്കും!!!

ഒരു ചിത്രത്തിൽ നിങ്ങൾക്ക് ഒരു Highend റീടച്ചർ മണിക്കൂറുകൾ ചിലവിട്ട് നേടുന്ന റിസൾട്ടും പെർഫെക്ഷനും ക്വാളിറ്റിയും ഒന്നും അത്രതന്നെ ആവശ്യമില്ല എന്നാൽ അല്പസ്വല്പം മെച്ചപ്പെട്ട റിസൾട്ട് പെട്ടെന്ന് കിട്ടുകയും വേണം. അവരുപയോഗിക്കുന്ന സ്കീൻ സ്മൂതനിഗും ഐ ബ്രൈറ്റനിംഗും ലിക്വുഫൈയും എല്ലാം കിട്ടുകയും വേണം. എന്നാൽ അതിനുവേണ്ടി ഫ്രീക്വൻസി സെപ്പറേഷനോ (Frequency Seperation) ഡോഡ്ജ് ആന്റ് ബേണോ (Dodge & Burn) ലൂമിനോസിറ്റി മാക്സിങ്ങോ (Luminocity Mask) ചെയ്യാൻ വശവുമില്ല, സമയവുമില്ല. നിങ്ങളെ ലുമിനാർ എ.ഐ സഹായിക്കും ഈ പറഞ്ഞ കാര്യങ്ങളൊന്നുമില്ലാതെ.

ഒരു പ്രെഫഷണൽ റീടച്ചർ മണിക്കൂറുകുൾ ചിലവിട്ട് അയാളുടെ ക്രിയേറ്റിവിറ്റിയും കൃത്രിമമല്ലാത്ത ബുദ്ധിയും എക്സ്പീരയൻസും ഉപയോഗിച്ച് നേടിയെടുക്കുന്ന റിസൾട്ട് അത്പോലെ കിട്ടും എന്ന് ഇതിനർത്ഥമില്ല കെട്ടോ. (എനിക്ക് എയറിൽ പോകാൻ വയ്യ)😜

ഫോട്ടോഷോപ്പ്, ലൈറ്റ് റൂം, അഫിനിറ്റി ഫോട്ടോ (Affinity Photo), ക്യാപ്ച്വർ വൺ (Capture One) തുടങ്ങീ അതിശക്തമായ ഒട്ടനവധി എ‍‍ഡിറ്റിംഗ് സോഫ്റ്റ് വെയറുകൾ ഉണ്ടായിട്ടും തുടക്കക്കാരനായ (റിലീസായിട്ട് ഏകദേശം ഒരു വർഷം) ലൂമിനാർ എ.ഐയെ വിപണിയിൽ മുന്നിലെത്തിക്കുന്നത് ലൂമിനാറിലെ എ.ഐ. സങ്കേതങ്ങൾ തന്നെയാണ്.


നിങ്ങൾ ഏതുതരത്തലുള്ള ഫോട്ടോഗ്രാഫർ ആണെങ്കിലും (വെഡിംഗ്, ലാന്റ്സ്കേപ്, വൈൽഡ് ലൈഫ്…) എഡിറ്റിംഗിൽ മുൻപരിചയം ഇല്ലെങ്കിലും ലൂമിനാർ എ.ഐ. വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും, ഒരു മൊബൈൽ ആപ്പ് പോലെ.

luminar-sky-ai-tools
ലൂമിനാറിലെ എ.ഐ. ടൂളുകൾ ഏതൊക്കെയാണെന്ന് നോക്കാം (പ്രധാനപ്പെട്ടത് മാത്രം)

അറ്റ്മോസ്ഫിയർ എ.ഐ.  (Atmospher AI)


മൂടൽ മഞ്ഞ്, പുകപടലം, നീരാവി, ചാറ്റൽ മഴ എന്നിവ കൊണ്ടുണ്ടാകുന്ന മൂടൽ നീക്കി 3ഡി ഡെപ്തിൽ (3D Depth) വീണ്ടെടുക്കാനും സഹായിക്കുന്നു. അതായത് ബാക്ക്ഗ്രൗണ്ട്, ഫോർഗ്രൗണ്ട് (Object) തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക കൂടി ചെയ്യുന്നു.

ബോഡി എ.ഐ. (Body AI)

ശരീര വണ്ണം കൂട്ടുകയോ, കുറക്കുകയോ ചെയ്യാൻ സാധിക്കുന്നു. വയറു കുറക്കാനും സാധിക്കും. (മെച്ചപ്പെട്ട അപ്ഡേറ്റ് പ്രതീക്ഷിക്കുന്ന ഒരു വിഭാഗം കൂടിയാണ് ബോഡി എ.ഐ. ഉദാഹരണം വലതുകൈ വണ്ണം കുറക്കുക)

കോമ്പോസിഷൻ എ.ഐ. (Composition AI)

ചിത്രത്തെ അനലൈസ് ചെയ്ത് റൂൾ ഓഫ് തേഡ് (Rule of Third), ഗോൾഡൻ‍ റേഷ്യോ (Golden Ratio) പോലെയുള്ള ചിത്രത്തിന് അനുയോജ്യമായ മികച്ച കോമ്പോസിഷൻ നൽകാൻ സഹായിക്കുന്നു.

പൊട്രേറ്റ് ബൊക്കെ എ.ഐ. (Potrate Bokhe)

വലിയ അപ്പേർച്ചർ ഉപയോഗിച്ച് ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് (Shallow Depth of Field) ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്നു. ഇവിടെ എ.ഐ. ഉപയോഗിച്ച് ഒബ്ജെക്ട് കൃത്യമായി നിർവചിക്കുന്നു എന്നതാണ് മറ്റു സോഫ്റ്റുവെയറുകളെ അപേക്ഷിച്ച് ലുമിനാർ എ.ഐയെ വ്യത്യസ്തമാക്കുന്നത്.

ഫെയ്സ് എ.ഐ. (Face AI)

മുഖ വണ്ണം കുറക്കുക, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ നീക്കം ചെയ്യുക. പല്ലുകൾ വെളുപ്പിക്കുക, ചുണ്ടുകൾ മെച്ചപ്പെടുത്തുക. എന്നിവയെല്ലാം ചെയ്യാനാകും.

പോട്രേറ്റ് ഇമേജുകളിൽ മുഖത്തേക്ക് കൂടുതൽ വെട്ടം നൽകാൻ ഫെയ്സ് ലൈറ്റിംഗ് (Face Lighting) ഉപയോഗിക്കാം. ഇവയെല്ലാം ഗ്രൂപ്പ് ഫോട്ടോയിലും സാധ്യമാണ്.

ഐറിസ് എ.ഐ. (Iris AI)

കണ്ണിന്റെ ആകൃതി, നിറം, വലിപ്പം തുടങ്ങിയവ ക്രമീകരിക്കാൻ സാധിക്കും. എ.ഐ. ഉപയോഗിച്ച് കണ്ണ് ഡിറ്റെക്ട് ചെയ്യുന്നതിനാൽ പ്രത്യേകം സെലക്ട് ചെയ്യേണ്ടതില്ല. ഗ്രൂപ്പ് ഫോട്ടോകളിൽ ഒന്നിലധികം കണ്ണുകളിലും പ്രായോഗികമാണ്. പോട്രേറ്റുകളിൽ ഐ പോപ്പ് ചെയ്യാൻ വളരെ എളുപ്പത്തിൽ സാധിക്കും

സ്കൈ എ.ഐ. (Sky AI)

ലാന്റ്സ്കേപ്പ് ഇമേജുകളിൽ ആകാശം നിർണ്ണയകമാണ്. ആകാശം ആകർഷണമുള്ളതാക്കി മാറ്റാൻ ഉപയോഗിക്കാം. കൂടാതെ ലുമിനാർ എ.ഐയിൽ മാത്രമുള്ള പ്രത്യേകത അകാശത്തിന്റെ പ്രതിഫലനം (Reflection) കൂടി മാറ്റാനാകും എന്നതാണ്. വെറുതെ മാറ്റുകയല്ല, ആകാശത്തിന്റെ നിറത്തിനനുയോജ്യമായി സീൻ റീലൈറ്റിംഗ് (Seen Relighting) ഫീച്ചറും ഉണ്ട്. മരച്ചില്ലകൾ, മനുഷ്യൻ തുടങ്ങിയ ഫോർഗ്രൗണ്ടുകളെ കൃത്യമായി വേർത്തിരിച്ചെടുക്കാനും സാധിക്കുന്നു. നിങ്ങൾ എടുത്ത ആകാശത്തിന്റെ ചിത്രങ്ങൾ ചേർക്കാനും സാധിക്കുന്നു.

ആക്സന്റ് എ.ഐ. (Accent AL)‌

ഓട്ടോ ലെവൽ (Auto Level), ഓട്ടോ വൈറ്റ് ബാലൻസ് (Auto White Balance), ഓട്ടോ കോൺട്രാസ്റ്റ് (Auto Contrast) എന്നിവയ്ക്ക് സമാനമായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ആക്സന്റ് എ.ഐ. എന്നാൽ ബാക്ക്ഗൗണ്ടിനെയും സബ്ജക്ടിനേയും പ്രത്യേകം വേർത്തിരിച്ചെടുത്ത് കൈകാര്യം ചെയ്യാൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുന്നു.

ഓഗ്യുമെന്റ് എ.ഐ. (Augument AI)

ആകാശത്ത് പറവകളെയും മഴവില്ലും മേഘങ്ങളും തുടങ്ങീയവയെ സന്നിവേശിപ്പിക്കാൻ ഉപകരിക്കും.

കളർ ഹാർമണി (Color Harmony)

നിറത്തിന്റെ ആഴത്തിലുള്ള സമന്വത്തിന് വേണ്ടി ഉപയോഗിക്കുന്നു.

മൂഡ് (Mood)

കളർ ഗ്രേഡിംഗ് ചെയ്യാൻ സഹായിക്കുന്ന ലട്സ് (LUT, Color Lookup Table) ഉപയോഗിച്ച് ചിത്രത്തിന് പ്രത്യേക മൂഡ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്നു.

സ്കിൻ എ.ഐ. (Skin AI)

മുഖത്തെ പാടുകളും മറ്റും നീക്കം ചെയ്യാനും, സ്കിൻ സ്മൂത്ത് (Skin Smooth) ചെയ്യാനും പ്രധാനമായി ഉപയോഗിക്കാം. (സ്കിൻ ഫൈനർ Skin Finer, പോട്രേച്ചർ Potrature പോലെയെക്കെ)

സ്കൈ എൻഹാൻസ്മെന്റ് (Sky Enhancement)

സ്വാഭാവികമായ ആകശത്തെ മികച്ചതാക്കാൻ ഇത് സഹായകരമാണ്.

(എ.ഐ. ഉപയോഗിച്ചാണ് മിക്ക ഫീച്ചറുകളും വർക്ക് ചെയ്യുന്നത് എന്നതിനാൽ തന്നെ പ്രത്യേകം പ്രത്യേകം സെലക്ഷൻ ആവശ്യമായി വരുന്നില്ല. എന്നാൽ സൂക്ഷ്മതക്ക് വേണ്ടി ചില ഘട്ടങ്ങളിൽ കസ്റ്റമൈസേഷൻ ആവശ്യമായി വരാം. പേടിക്കേണ്ട, അതും മാസ്കിംഗിലൂടെ സാധ്യമാണ്. മാസ്കിംഗിനെ കുറിച്ച് താഴെ വിവരിക്കാം)

സ്ട്രക്ചർ എ.ഐ. (Structure AI)

ആളുകൾ, വെള്ളം, ആകാശം, വസ്തുക്കൾ എന്നിവ തിരിച്ചറിഞ്ഞ് ചിത്രത്തിന് വ്യക്തതയും ആഴവും (Depth & Clarity) കൊണ്ടുവരുന്നു. Architecture, Cityscape, Urbun Photos എന്നിവയ്ക്ക് വളരെ ഉപകാരപ്രദമാണ്. ടെക്സ്റ്ററുകൾ പരിഷ്കരിക്കുന്നതിനും  Texture Refinement ഡീറ്റെയിൽ കൂട്ടുന്നതിനും ഉപയോഗിക്കാം.

സൺറേയ്സ് (Sun Rays)

ലൂമിനാർ 4 ന്റെ പ്രയപ്പെട്ട ഫീച്ചറാണ് സൺറേയ്സ്. ഒരു സീനിലേക്ക് റീലൈറ്റ് ചെയ്യാൻ ചിത്രത്തിലേക്ക് സൂര്യകിരണങ്ങൾ ഓവർലേ ആയി ചേർക്കുമ്പോൾ ഒരു ആർടിഫിഷ്യൽ ഫീൽ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ റിയാലിറ്റി ഫീലോടെ സൂര്യകിരങ്ങൾ ചേർക്കാൻ സൺറേയ്സ് ഉപകരിക്കും. സൂര്യകിരണങ്ങൾക്ക് അനുസൃതമായി ചിത്രത്തെ റീലൈറ്റിംഗും ചെയ്യാനാകും.

സൂപ്പർ കോൺട്രാസ്റ്റ് (Super Contrast)

ലാന്റ്സ്കേപ്പ് ചിത്രങ്ങളിൽ എൻ.‍ഡി. ഫിൽറ്ററുകൾ (ND Filter – Nuetral Density) ഉപയോഗിച്ച് കിട്ടുന്ന റിസൾട്ട് ഒരു പരിധിവരെ കൊണ്ടുവരാൻ സാധിക്കുന്നു. ഹൈലൈറ്റ്, മിഡിടോൺ, ഷാഡോ ഏരികളെ വേർത്തിരിച്ച് കോൺട്രോസ്റ്റ് കൊണ്ടുവരാൻ സാധിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ടെക്സ്റ്റർ ഓവർലേ (Texture Overlay)


ലൈറ്റ് ലീക്സ് (Light Leaks), ബൊക്കെ ഇഫക്ട് (Bohke Effect), ടെക്സ്റ്റ് (Text), വാട്ടർമാർക്ക് (Watermark), ലോഗോ (Logo) തുടങ്ങിവയ ചേർക്കാൻ സാഹായിക്കുന്നു.

അറ്റ്മോസ്ഫിയർ എ.ഐ. (പുതിയ അപ്ഡേറ്റ്) (Atmosphear AI)

Fog, Mist (മുടൽ മഞ്ഞ്) തുടങ്ങിയവ ചിത്രത്തിലേക്ക് കൂട്ടിചേർക്കാൻ സാധിക്കുന്നു. പ്രത്യേകിച്ചും ലാന്റ്കേപ്പ് (Landscape), സിറ്റിസ്കേപ്പ് (City Scape) ചിത്രങ്ങൾക്ക് ത്രിമാന സ്വഭാവം (3D Effect) കൊണ്ടുവരാൻ സാധിക്കും.

പ്രധാനപ്പെട്ട ഫീച്ചറുകൾ മാത്രമാണ് ഇവിടെ പ്രതിഭാതിച്ചിട്ടുള്ളത്.

luminar-sky-ai-masking
മാസ്കിംഗ് MASKING

ഒരു പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം പെർഫെക്ഷൻ (Perfection) എന്നത് കണിശതയുള്ള കാര്യമാണ്. എല്ലാം പൂർണ്ണമായും കമ്പ്യൂട്ടറിന് വിട്ട് കൊടുത്ത് കയ്യുംകെട്ടി ഇരുന്നാൽ പെർഫെക്ഷൻ കിട്ടുകയുമില്ല. അത്തരക്കാർക്ക് വേണ്ടി സമ്പൂർണ്ണ നിയന്ത്രണം സാധ്യമാക്കുകയാണ് മാസ്കിംഗിലൂടെ ലൂമിനാർ എ.ഐ.

ഓരോ പ്രധാന ടൂളിനോടൊപ്പവും മാസ്കിംഗ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കാരണം അന്തിമഫലത്തിന്റെ (End Result) സമ്പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് നൽക്കുന്നു ലൂമിനാർ എ.ഐ. ഉദാഹരണത്തിന് ഒരു ഗ്രൂപ്പ് ഫോട്ടോയിൽ ഫേസ് ലൈറ്റിംഗ് ഉപയോഗിച്ചു എന്നിരിക്കട്ടെ കൂട്ടത്തിലൊരാൾ നല്ല വെളുത്തിട്ടും ബാക്കിയുള്ളവർ ഇരുനിറമോ കറുത്തിട്ടോ ആണെങ്കിൽ വെളുത്ത ആളുടെ മുഖം നന്നായി വിളറി വെളുത്തിരിക്കും (Over Exposed) ഇത് പരിഹരിക്കാൻ മാസ്ക് ഉപയോഗിച്ച് അയാളുടെ മുഖത്തെ ഫെയ്സ് ലൈറ്റിംഗ് ഇഫക്ടിൽ നിന്നും ഒഴിവാക്കാനാകും.

ബാച്ച് പ്രോസസ്സിംഗ് (Batch Processing)

നേരത്തെ ഉദാഹരണം തന്നെ എടുക്കാം. ഒരു ഗ്രൂപ്പ് ഫോട്ടോയിലെ എല്ലാ മുഖങ്ങളും വെളുപ്പിക്കണം, കണ്ണുകൾ മികച്ചതാക്കണം, പല്ലുകൾ വെളുപ്പിക്കണം, ചുണ്ടുകൾ അല്പരം തുടുത്തും ഇരിക്കണം. സാധ്യമാണ്! എന്നാൽ ഇതേ കാര്യം തന്നെ 5-10 ചിത്രങ്ങളിൽ ആവർത്തിക്കണെങ്കിൽ… ഓഹ് ഡാർക്ക്… എത്ര സമയം എടുക്കും?


ഇല്ല, ലൂമിനാർ എ.ഐ. യിൽ ഒരു കോപ്പി പേസ്റ്റിന്റെ സമയം മാത്രം!!! ഞെട്ടിയോ… ഞെട്ടണ്ട ഇവിടെ കണ്ണും മൂക്കും പല്ലും ചുണ്ടും ഒക്കെ തിരിച്ചരിയുന്നത് എ.ഐ. ആണ്. അത് കൊണ്ട് തന്നെ പണി വളരെ എളുപ്പമാണ്. വെഡിംഗ് ഫോട്ടോ എഡിറ്റ് ചെയ്യുന്നവർക്കും ആല്ബം ഡിസൈനർമാർക്കും ഇതൊരു വലിയ അനുഗ്രഹമാണ്. ഒരുപാട് സമയം ലാഭിക്കാനും ഇതുവഴി സാധിക്കുന്നു.

നിർഭാഗ്യവശാൽ ലൂമിനാർ 4ലെ (Luminar 4) പോലെ ഒരു ബാച്ച്പ്രൊസസിംഗ് ചെയ്യാനോ, ലൈറ്റ്റൂമിലെ പോലെ സിഗർനൈസ് (Sychorinize) ചെയ്യാനോ സാധിക്കില്ല (ഒരേ സമയം നിരവധി ഫയലുകളിലേക്ക് എഡിറ്റുകൾ ചേർക്കുക) തുടർന്നു വരുന്ന അപ്ഡേറ്റുകളിൽ ഇത് പ്രതീക്ഷിക്കാം.

ലൂമിനാർ എ.ഐ. നല്ല സ്പീഡുണ്ടോ?

ലൈറ്റ് റൂം, ക്യാപ്ച്വർ വൺ, ലൂമിനാർ 4 തുടങ്ങിയ എല്ലാ സോഫ്റ്റ് വെയറുകൾക്കും ഉള്ള ഒരു പ്രധാന പരാതി പോകെ പോകെ സ്പീഡ് കുറയുന്നു എന്നതാണ്. കാറ്റലോഗിൽ ഫയലുകൾ കൂടുന്നതിനനുസരിച്ച് വേഗതയും കുറയും എന്നത് സ്വാഭാവികമാണ്. നമുക്കറിയാം ഇന്ന് നമ്മളുപയോഗിക്കുന്ന ക്യാമറകൾ തരുന്നത് നല്ല സൈസുള്ള വലിയ ഫയലുകളാണ്. സ്വാഭാവികമായും പ്രോസസറിനും (Processor) റാമിനും (RAM) കൂടുതൽ ജോലി ചെയ്യേണ്ടതായും വരും. മാത്രവുമല്ല മുകളിൽ പറഞ്ഞ സോഫ്റ്റ് വെയറുകളത്രയും ഫയൽ മാനേജ്മെന്റിൽ അതിഷ്ഠിതമായ ഡാം  (DAM – Digital Asset Management) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എന്നാൽ ലൂമിനാർ എ.ഐ. ഇത്തരമൊരു ഭാരം ചുമക്കുന്നില്ല. ആയതിനാൽ സോഫ്റ്റ് വെയർ ഓപ്പൺ ചെയ്യുമ്പോൾ തന്നെ പ്രവർത്തനം തുടങ്ങാനാവും.

അതുപോലെ മറ്റു സോഫ്റ്റ് വെയറുകളിൽ വ്യത്യസ്ഥ മൊഡ്യൂളുകളിലേക്ക് (Module) മാറുമ്പോൾ ലാഗ് (Lag) വരുന്നതായി കാണാം. ടൂളുകൾ മാറി മാറി ഉപയോഗിക്കുമ്പോൾ വേഗത നഷ്ടമാകും. എന്നാൽ  ലൂമിനാർ എ.ഐ. അത്തരത്തിലുള്ള ബാധ്യതകളൊന്നും തന്നെ ഇല്ലാത്തതിനാൽ അവിടെയും വേഗത കൈമോശം വരുന്നില്ല. ഒരു മൊബൈൽ ആപ്പ് പോലെ രസകരമായി ഉപയോഗിക്കാനാകും ലൂമിനാർ എ.ഐ.

ന്യൂനതകൾ

– ബാച്ച് പ്രോസ്സസിംഗ് ബാച്ച് റീനെയ്മിംഗ് ഒന്നുമില്ല

– സ്റ്റാന്റ് അലോൺ (Stand Alone) സോഫ്റ്റ് വെയറാണെങ്കിലും വാട്ടർമാർക്ക് ആഡ് ചെയ്യുക ഒരു കൂട്ടം ഫയലുകൾ ഒരുമിച്ച് എഡിറ്റ് ചെയ്യുക, സിഗ് ചെയ്യുക എന്നിവ സാധ്യമല്ല.

– ലെയർ ബേയ്സ്ഡ് (Layer Based) എഡിറ്റിംഗ് സാധ്യമല്ല. (Photoshop ലെ പോലെ)

– രണ്ട് ചിത്രങ്ങൾ പരസ്പരം താരതമ്യം ചെയ്യാനാകില്ല

– DAM ഇല്ലാത്ത് കൊണ്ട് ഫയൽ ഓർഗനൈസിംഗിന് ( Organising – Star rate, Keyword…) സാധ്യമല്ല.

[ഇത് കൊണ്ടാണ് ഞാൻ തുടക്കത്തിലേ പറഞ്ഞത് ഒരു പ്ലഗ് ഇൻ ആയി ഉപയോഗിക്കുന്നതാണ് ഉത്തമം എന്ന്. ലൈറ്റ് റൂം പ്ലഗിനായി ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാം.]

ലൂമിനാർ എ.ഐ ആർക്ക് വേണ്ടിയാണ്.

– സങ്കീർണ്ണമായ എഡിറ്റുകളിൽ നിന്ന് സമയം ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാൻ അല്പം മിനുക്ക് പണികൾ മാത്രം മതിയെന്നുള്ളവർക്കും.

– ഹോബിയസ്റ്റ് ഫോട്ടോഗ്രാഫർമാക്കും എഡിറ്റിംഗ് പഠിക്കാൻ ആഗ്രഹമോ സമയമോ ഇല്ല, എന്നാൽ എഡിറ്റ് ചെയ്യാതെ ചിത്രങ്ങൾ പബ്ലിഷ് ചെയ്യാനും വയ്യ എന്നുള്ളവർക്കും.

– നിലവിൽ എ‍ഡിറ്റിംഗ് ചെയ്യുന്നവർക്ക് എ.ഐ. ഫീച്ചറുകൾ ഉപയോഗിച്ച് അല്പം സമയം ലാഭിക്കാൻ.

– തുടക്കകാർക്ക്. ലൈറ്റ്റൂമിനേക്കാൾ പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ സാധിക്കും.

– ഒരുപാട് സമയം കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കാൻ താല്പര്യമില്ലത്ത പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് ലൂമിനാർ എ.ഐ. നല്ലൊരു ഉപാധിയാണ്.

ലൂമിനാർ ആർക്ക് വേണ്ടിയല്ല

– ഒരു ഹൈ എന്റ് റീട്ടർക്ക് (High End) പൂർണ്ണമായി ലൂമിനാർ എ.ഐ. ഉപയോഗിക്കാൻ സാധിക്കില്ല. ഇതിലെ പല ഫീച്ചറുകളും ഒരുപാട് മെച്ചപെടേണ്ടതുണ്ട്. എ.ഐ. എഡിറ്റിംഗ് അതിന്റെ ശൈശവത്തിലാണ്.


– ലൂമിനാർ 4 ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർക്ക്. കാര്യമായ പുതിയ അപ്ഡേറ്റുകളൊന്നുമില്ല ലൂമിനാർ എ.ഐയിൽ. വെറുതെ കാശുകളയുന്നത് മിച്ചം.

– ഫയൽ മാനേജ്മെന്റിൽ അധിഷ്ഠിതമായി എഡിറ്റിംഗ് ചെയ്യുന്നവർക്ക് ( വെഡ്ഡിംഗ്, വൈൽഡ് ലൈഫ്) പൂർണ്ണമായി ലൂമിനാർ എ.ഐയിലേക്ക് മാറാനാകില്ല. എന്നാൽ പ്ലഗ്-ഇനായി ഉപയോഗിക്കാം.

– ഫോട്ടോഷോപ്പ് – ലൈറ്റ് റൂം ഉപയോഗിക്കുന്നവർക്ക് പകരം സോഫ്റ്റ് വെയറായി പൂർണ്ണമായി ലൂമിനാർ എ.ഐയിലേക്ക് മാറാൻ സാധിക്കില്ല.

അവലോകനം

ടെസ്ലയുടെ (Tesla) ഓട്ടോ പൈലറ്റ് (Auto Pilote)  പോലെയുള്ള സെല്ഫ് ഡ്രൈവിംഗ് (Self Driving) വാഗ്ദാനം ചെയ്യുന്ന ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറായി ലൂമിനാർ എ.ഐയെ കണക്കാക്കാം. വളരെ കുറച്ച് പരിശ്രമത്തിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്നു. എന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാവുന്നതുമാണ്.

ലൂമിനാർ എ.ഐ. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. എഡിറ്റിംഗ് “ഓവറാക്കി ചളമാക്കാൻ” അതിലും എളുപ്പമാണ് ഇതിൽ. അഥവാ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ആർടിഫിഷ്യൽ ആണെങ്കിലും ചിത്രങ്ങളിൽ ആ ആർടിഫിഷ്യാലിറ്റി ആവശ്യമില്ല എന്ന് സാരം.

മുമ്പ്, ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾക്ക് മാത്രം സൃഷ്ടിക്കാൻ സാധിച്ചിരുന്ന എഡിറ്റുകൾ ഇപ്പോൾ അവിദഗ്ധരായ ആളുകളെ കൊണ്ട് സൃഷ്ടിക്കാൻ സഹായിക്കുക മാത്രമാണ് ലൂമിനാർ എ.ഐ. ചെയ്യുന്നത്. Skills always Skills

ഫൈനൽ വേഡ് (അവസാന വാക്ക്)

എഡിറ്റിംഗ് ഒരു പാപമാണെന്ന് കരുതന്നവർ ഇപ്പോഴുമുണ്ട് നമുക്ക് ചുറ്റും. എഡിറ്റിംഗ് ഒട്ടും ചെയ്യാത്ത പടങ്ങൾ കണ്ടാൽ ഇതെല്ലാം എഡിറ്റിംഗ് ആണെന്ന് പറയുന്നവരും കുറവല്ല. എഡിറ്റിംഗ് പാപമൊന്നുമല്ല, നിങ്ങളുടെ ഫൈനൽ റിസൾട്ട് മാത്രമേ പ്രേക്ഷകർ കാണുന്നുള്ളു. നിങ്ങൾ ഏത് ക്യാമറ ഉപയോഗിക്കുന്നു ഏത് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നു എന്നതൊന്നും അവരെ സംബന്ധിച്ച് വിഷയമല്ല. മികച്ച സൃഷ്ടികൾ ഉണ്ടാക്കി കൊണ്ടേ ഇരിക്കുക. Keep Creating

Research & Writing: Reenus Babu

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.