8K വിഡിയോയും ആയി കാനൻ EOS R5 ഇറങ്ങി.

8K വിഡിയോയും ആയി കാനൻ EOS R5 ഇറങ്ങി.
കാനൻ ക്യാമെറകളിൽ ഈ അടുത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മിറർ ലെസ്സ് കാമറ ആണ് EOS R5. കാനൻ ആദ്യ ഫുൾ ഫ്രെയിം മിറർ ലെസ്സ് കാമറ EOSR ഇറക്കിയപ്പോഴോ ഈ അടുത്ത് 1DX മാർക്ക് 3 ഇറക്കിയപ്പോഴോ ഇത്രയധികം ചർച്ചയോ അഭ്യുഹങ്ങളോ ഉണ്ടായിട്ടില്ല. ഒരു പക്ഷെ കാനൻ കമ്പനി ഔദ്യോഗികമായി അറിയിച്ച ശേഷം കാമറ ഇറങ്ങുവാൻ ആയി കോവിഡ്-19 മൂലം ഉണ്ടായതെന്ന് കരുതപ്പെടുന്ന കാലതാമസവും ഇതിനു ഒരു കാരണം ആകാം.

EOS R5 നെ പറ്റി മുൻപ് എഴുതിയപ്പോൾ ഈ ക്യാമറയെ പറ്റി വളരെ ചുരുങ്ങിയ വിവരങ്ങളെ നമുക്ക് ലഭ്യമായിരുന്നുള്ളു. കഴിഞ്ഞ ജൂലൈ 9 – ആം തീയതി കാനൻ EOS R5, EOS R6 ഉൾപ്പടെ കുറച്ചു അധികം പ്രൊഡക്ടുകൾ അവതരിപ്പിച്ചു.

8 കെ റോ (8K RAW), ഇൻ ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS), പുതിയ 45 എം പി സെൻസർ, ഒരു സെക്കൻഡിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12 സ്റ്റിൽ (12fps Mechanical Shutter), ഇലക്ട്രോണിക് ഷട്ടറിൽ 20 സ്റ്റിൽ (20fps Silent Shutter) തുടങ്ങി ഒട്ടനവധി പുതുമകളോട് കൂടി കാനൻ “Born to rule” (ഭരിക്കാൻ ജനിച്ചു) എന്ന അടിക്കുറിപ്പിൽ അവതരിപ്പിക്കുന്ന പ്രൊഫഷണൽ മിറർലെസ്സ് ക്യാമറ ആണ് EOS R5.

ഇനി ക്യാമറയെ കുറച്ചു വിശദമായി മനസിലാക്കാം.

45 മെഗാപിക്സലോട് കൂടി കാനൻ പുതിയതായി വികസിപ്പിച്ച സെൻസർ ആണ് ആദ്യം എടുത്തു പറയേണ്ടത്. 8192 X 5464 റെസൊല്യൂഷൻ ചിത്രങ്ങളും 8K വിഡിയോയും എടുക്കാൻ EOS R5 നെ പ്രാപ്തമാക്കുന്നത് ഈ സെൻസർ ആണ്.

കാനൻ 1DX Mark 3, EOS R6 എന്നീ ക്യാമറകളിൽ ഉപയോഗിക്കുന്ന പ്രൊസസർ ആണ് കാനൻ ഡിജിക് 10 (Canon DIGIC X). ഇതേ പ്രൊസസർ ആണ് EOS R5 ഇലും ഉപയോഗിക്കുന്നത്.

8K RAW Video.

EOS R5 ഇൽ ഏറ്റവും കൂടുതൽ എടുത്തു പറയപ്പെട്ട ഫീച്ചർ ആണ് 8K RAW വീഡിയോ. 8K DCI റെസൊലൂഷനിൽ 29.97 fps റോ വീഡിയോ 12 ബിറ്റ് ഡെപ്തിൽ റെക്കോർഡ് ചെയ്യാൻ കഴിയും. ഇത് RAW, ALL-I, IPB  എന്നീ മൂന്ന് മോഡുകളിലും റെക്കോർഡ് ചെയ്യാൻ കഴിയും. 8K വീഡിയോ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തു റീ-പൊസിഷനിംഗ് / ഫ്രെയിമിങ് ചെയ്യുന്ന കാര്യങ്ങൾക്കും 12 bit RAW ഇതുവരെ DSLR / മിറർ ലെസ്സ് ക്യാമറകളിൽ കിട്ടിയിരുന്ന വിഡിയോയെക്കാൾ വളരെ അധികം ഗ്രേഡിംഗ് സാധ്യതകൾ തുറന്നു തരുന്നതും ആണ്. നോർമൽ മൂവി മോഡിൽ 10 bit കാനൻ ലോഗ് (Canon Log) ഫയൽ  റെക്കോർഡ് ചെയ്യാനും ആകും. ഫുൾ സെൻസർ റീഡ് ചെയ്തു ആണ് 8k, 4k വിഡിയോകൾ പകർത്തുന്നത്.

ഇനി 8K വീഡിയോയുടെ ഫയൽ സൈസ് കണക്കാക്കുമ്പോൾ നമ്മുടെ മെമ്മറി കാർഡ് നിറയുന്ന കാര്യം കൂടി നോക്കാം. ഒരു 64 GB കാർഡ് ആണ് നമ്മൾ ഉപയോഗിക്കുന്നത് എന്ന് ഇരിക്കട്ടെ  (പറയുന്നത് ഏകദേശ കണക്കു ആണ്).

ഒരു 8K റോ വീഡിയോ 3 മിനിറ്റ് നേരം റെക്കോർഡ് ചെയ്യുമ്പോ കാർഡ് നിറയും.

ALL-I മോഡിൽ 6 മിനിറ്റും IPB മോഡിൽ 18 മിനിറ്റും റെക്കോർഡ് ചെയ്യാം. 8K വീഡിയോ എടുക്കാൻ ഉദ്ദേശിക്കുന്നവർ എത്രത്തോളം കാർഡ് കരുതണം എന്ന് ഏകദേശ ധാരണ വന്നുകാണും എന്ന് തോനുന്നു.

നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4k വീഡിയോ ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ലാത്ത തരാം ഔട്ട്പുട്ട് ലഭിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. 4K DCI വീഡിയോ 59.94 fps ഇൽ റെക്കോർഡ് ചെയ്യാൻ കഴിയും. ഇതിനു പുറമെ ഹൈ ഫ്രെയിം റേറ്റ് മോഡിൽ 119.88 fps ഇലും റെക്കോർഡ് ചെയ്യാം. 4K  വീഡിയോ 10 ബിറ്റ് ഡെപ്തിൽ (10 Bit depth) H265 കംപ്രഷനിൽ 4:2:2 (Color sampling method YCbCr 4:2:2) കളർ സാംപ്ലിങ് മെതേഡിൽ ഉപയോഗിക്കാം എന്നത് വലിയ ഒരു മാറ്റം ആണ്. Full HD മോഡിലും ഹൈ ഫ്രെയിം റേറ്റ് (High Frame Rate 119.88 fps)ലഭ്യമാണ്.

മുൻപ് പറഞ്ഞതുപോലെ തന്നെ ഒരു 4K വീഡിയോ 50/59.94 fps ഇൽ റെക്കോർഡ് ചെയ്യുന്ന അവസ്ഥയിൽ ഉപയോഗിക്കുന്നത് 64 GB കാർഡ് ആണെങ്കിൽ, ALL-I മോഡിൽ 9 മിനിറ്റും IPB മോഡിൽ 36 മിനിറ്റും 119.88 fps ഹൈ ഫ്രെയിം റേറ്റ് ALL-I മോഡിൽ 4 മിനിറ്റും റെക്കോർഡ് ചെയ്യാം.

ഓവർ ഹീറ്റിംഗ്‌

8K , 4K വീഡിയോകളുടെ കാര്യം പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത ഒരു കാര്യം ആണ് “ഓവർ ഹീറ്റിങ്” പ്രശ്‍നം. ക്യാമറകളുടെ ഇത്രയധികം മേന്മകൾ പോലെ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം ആണ് ഇത്. കാനൻ കമ്പനി തന്നെ ഇതിന്റെ പരിധികളെ പറ്റി പറയുന്നുണ്ട്. നിലവിൽ ലഭ്യമായ വിദേശ റിവ്യൂ കളുടെ അടിസ്ഥാനത്തിൽ റൂം ടെമ്പറേച്ചറിൽ 4k വീഡിയോ എടുക്കുമ്പോ ഏകദേശം 20 മിനിറ്റ് ആകുമ്പോൾ ഓവർ ഹീറ്റ് വാണിങ് തരുകയും ബോഡി ഓഫ് ആകുകയും ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇവിടെ നമുക്ക് വീണ്ടും സംശയം ഉദിക്കുന്ന ഒന്ന് നമ്മുടെ നാട്ടിലെ ചൂടും ആയി ഈ കാമറ എത്രത്തോളം പൊരുത്തപ്പെടും എന്നതാണ്. എന്തായാലും തുടർച്ചയായി 4k എടുക്കേണ്ട അവസരങ്ങളിൽ അതായതു വിവാഹമോ മറ്റു ചടങ്ങുകളോ റെക്കോർഡ് ചെയ്യുന്ന അവസരത്തിൽ ഇത് ഒരു വെല്ലുവിളി ആണ്.

മറ്റു ഫീച്ചറുകൾ നോക്കുന്നതിനു മുൻപ് സ്റ്റിലിന്റെ വിവരങ്ങൾ കുറച്ചു നോക്കാം. 8K വീഡിയോ എന്ന് പറയുന്ന പോലെ തന്നെ  8192×5464 എന്ന വളരെ വലിയ റെസൊല്യൂഷൻ 8K സ്റ്റിൽ ആണ് EOS R5 തരുന്നത്.

1DX Mark 3 യിൽ 5472×3648, 
5D Mark 4 ഇൽ 6720×4480
എന്നിങ്ങനെ ആണ് പരമാവധി റെസൊല്യൂഷൻ കിട്ടുക.

ഒരു സെക്കൻഡിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12 സ്റ്റിൽ (12fps Mechanical Shutter), ഇലക്ട്രോണിക് ഷട്ടറിൽ 20 സ്റ്റിൽ (20fps Silent Shutter) എന്നിവ ലഭിക്കുന്നു. ഏകദേശം 5,00,000 (5 ലക്ഷം) ഷട്ടർ ആയുസ് ആണ് കാനൻ വാക്ദാനം ചെയ്യുന്നത്.JPEG, HEIF, 14 bit RAW (CR3, 14 bit RAW format) എന്നീ ഫോർമാറ്റുകളിൽ ചിത്രങ്ങൾ പകർത്താം. sRGB, Adobe RGB എന്നീ കളർ സ്പേസുകൾ (Color Space) ലഭ്യമാണ്.

ഇനി പുതിയ ഫീച്ചേഴ്സിനെ പറ്റി പറയാം. EOS R6 നെ പറ്റി എഴുതിയത് നിങ്ങൾ വായിച്ചു കാണും എന്ന് വിശ്വസിക്കുന്നു. EOS R5, EOS R6 എന്നീ ക്യാമറകളും ഒരുമിച്ചു വരുന്നത് പോലെ തന്നെ ഒട്ടനവധി പുതിയ സംവിധാനങ്ങളും ഒരുപോലെ തന്നെ ആണ്.

മുകളിൽ നിന്ന് താഴേക്കും വശങ്ങളിലേക്കും 100% കവർ ചെയ്യുന്ന ഓട്ടോ ഫോക്കസ് (AF) സംവിധാനം. 1053 സോൺ ആയി തരംതിരിച്ചു ഇന്ന് ഉള്ളതിൽ വച്ച് ഏറ്റവും കൃത്യമായ ഓട്ടോ ഫോക്കസ് നൽകും വിധത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസിംഗിൽ (AF) ഫേസ്, ഐ എന്നിവക്ക് പുറമെ പുതുതായി ബോഡി, അനിമൽ (Face, Eye, Body, Animal) ഇനീ ക്യാരക്ടർ ഡിറ്റക്ഷൻ കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടി കൺട്രോളർ ഉപയോഗിച്ച് സെലക്ട് ചെയ്യുന്ന രീതിയിൽ 5940 എഫ് പോയിന്റുകൾ ആണ് സ്റ്റിൽ മോഡിൽ ഉണ്ടാവുക. വീഡിയോ മോഡിൽ 4500 ഉം.

R5-back
ഇൻ ബോഡി ഇമേജ് സ്റ്റെബിലിസിങ് (IBIS) ഉൾപ്പെടുത്തി ഇറക്കുന്ന ആദ്യ കാമറ ആണ് EOS R5. കാനൻ ലൈൻസിലെ ഒപ്റ്റിക്കൽ സ്റ്റെബിലൈസിംഗിനോടൊപ്പം IBIS കൂടെ ചേർന്ന് പ്രവർത്തിക്കുമ്പോൾ റിസൾട്ട് വളരെ മികച്ചതാകുന്നു. CIPA സ്റ്റാൻഡേർഡ് പ്രകാരം 24-105 ലെൻസിൽ (RF 24-105mm F4 L IS USM) 105 മാഗ്നിഫിക്കേഷന്‌യിൽ 8 സ്റ്റോപ്പ് സ്റ്റെബിലിസിങ് ലഭിക്കുന്നുണ്ട്. വളരെ ലോ ഷട്ടർ സ്പീഡിൽ ട്രൈപോഡിന്റെ സഹായമില്ലാതെ ചിത്രങ്ങൾ എടുക്കുവാനും. കയ്യിൽ വെച്ച് തന്നെ അത്യാവശ്യം നല്ല കുലുക്കം കുറഞ്ഞ വീഡിയോ എടുക്കാനും ഇത് വളരെ അധികം സഹായകമാകും.

EOSR ക്യാമെറയിൽ നമ്മൾ കണ്ട തരാം പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേ ആണ് (Vari-Angle LCD) R5 ഇന് ഉള്ളത്. 3.2 ഇഞ്ച് 2.1M ഡോട്ട് എൽ സി ഡി (2.1M dot LCD) യും 5.76-മില്യൺ ഡോട്ട് OLED ഇലക്ട്രോണിക് വ്യൂ ഫൈൻഡറും ആണ് EOS-R5 യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

8k  വിഡിയോ പോലെ ഫാസ്റ്റ് ആയി ഉള്ള റെക്കോർഡിങ്ങുകൾ ഇന്റെർണൽ ആയി റെക്കോർഡ് ചെയ്യാൻ തീർച്ചയായും ഫാസ്റ്റ് ആയി ഉള്ള മീഡിയം വേണം. ടൈപ്പ് B കോംപാറ്റിബിൾ ആയ ഒരു സി എഫ് എക്സ്പ്രസ്സ് (CF express) കാർഡ് സ്ലോട്ട്,  UHS-II കോംപാറ്റിബിൾ ആയ ഒരു SD കാർഡ് സ്ലോട്ട് എന്നിങ്ങനെ 2 കാർഡ് സ്ലോട്ട് ആണ് ക്യാമറക്കു നൽകിയിരിക്കുന്നത്.

Wi-Fi സൗകര്യം ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Image.Canon എന്ന കാനൻ ക്ളൗഡ്‌ സംവിധാനം സൗജന്യമായി ക്യാമറയോടൊപ്പം ലഭിക്കുന്നു. വളരെ പ്രയോജനപ്രദമായ ഈ സൗകര്യം പക്ഷെ നമ്മുടെ ഇടയിൽ അത്ര സുപരിചിതം അല്ല. ഇമേജ്.കാനൻ (Image.Canon) എന്ന സംവിധാനത്തെ പറ്റി ഒരു വിശദമായ പോസ്റ്റ് എഴുതുന്നതാണ്.

കാനൻ പുതുതായി വികസിപ്പിച്ച ഹൈ കപ്പാസിറ്റി ബാറ്ററി ആയ LP-E6 NH എന്ന മോഡൽ ബാറ്ററി EOS R5 ഇൽ ഉപയോഗിക്കുന്നു.

3,39,995 രൂപ ആണ് ബോഡി വില ആയി നിശ്ചയിച്ചിരിക്കുന്നത്.

Tags,
Canon EOS r5, EosR5, EOS-R5, EOSR-5.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.